ബലാല്‍സംഗക്കാരെ നേരിടാന്‍ ഷോക്കടിപ്പിക്കുന്ന ബ്രായും ചെരിപ്പും ഉറ്റവര്‍ക്ക് സന്ദേശമയക്കുന്ന ജീന്‍സുമായി വിദ്യാര്‍ത്ഥിനികള്‍

ദില്ലി: ബലാല്‍സംഗ വാര്‍ത്തകള്‍ ആവര്‍ത്തിക്കുന്നതിനിടെ, സ്വയം പ്രതിരോധതിന് പുത്തന്‍ മാര്‍ഗങ്ങളുമായി വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. ഉപദ്രവിക്കുന്നയാളെ ഷോക്കടിക്കുന്ന ചെരിപ്പ്, പ്രശ്നങ്ങളുണ്ടാവുമ്പോള്‍ ഉറ്റവര്‍ക്ക് വിവരം നല്‍കുന്ന ജീന്‍സ്, ബലാല്‍സംഗക്കാരന് വൈദ്യുതാഘാതമേല്‍പ്പിക്കുന്ന ബ്രാ
എന്നിങ്ങനെ പുതിയ കണ്ടു പിടിത്തങ്ങളുമായാണ് വിദ്യാര്‍ത്ഥിനികള്‍ രംഗത്തു വരുന്നത്. ബലാല്‍സംഗം തടയുന്നതിന് ഭരണകൂട സംവിധാനങ്ങള്‍ക്ക് കഴിയാതിരിക്കുകയും ആക്രമണങ്ങള്‍ നിത്യ യാഥാര്‍ത്ഥ്യമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരം കണ്ടെത്തലുകള്‍ വ്യാപകമാവുന്നത്. 

ബലാല്‍സംഗങ്ങള്‍ തുടര്‍ക്കഥയായ ഉത്തര്‍പ്രദേശില്‍നിന്നുള്ള വിദ്യാര്‍ത്ഥിനികളാണ് ഷോക്കടിക്കുന്ന ചെരിപ്പും SOS ബട്ടന്‍ സംവിധാനമുള്ള ജീന്‍സും തയ്യാറാക്കിയത്. 

വാരാണസിയിലെ സ്വകാര്യ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനികളായ റിജുല്‍ പാണ്ഡേ, ശാലിനി യാദവ് എന്നിവരാണ് 'ഷോക്കടിക്കും ചെരിപ്പി'ന് പിന്നില്‍. ഉപദ്രവിക്കുന്നയാളെ ഷോക്കടിപ്പിക്കുക മാത്രമല്ല, ഇതു ധരിക്കുന്ന പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും തല്‍ക്ഷണം സന്ദേശങ്ങള്‍ അയക്കാനും കഴിയുന്നതാണ് ഇത്. ഇതു കൊണ്ട് ചവിട്ടുമ്പോള്‍ ഉപദ്രവിക്കുന്നയാള്‍ക്ക് ഷോക്കേല്‍ക്കും. അയാള്‍, കുറച്ചു നേരം അന്തം വിട്ടു നില്‍ക്കും. ഈ നേരത്തിനകം പെണ്‍കുട്ടിക്ക് രക്ഷപ്പെടാനാവും. അതോടൊപ്പം, ഉറ്റവര്‍ ഉടന്‍ തന്നെ വിവരമറിയുകയും ചെയ്യും. ഇതിലെ ജി.പി.എസ് സംവിധാനം വഴി ഇരയുടെ സ്ഥലവും ബന്ധുക്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. 

അതേ കോളജിലെ തന്നെ ദീക്ഷ പഥക്, അഞ്ജലി ശ്രീവാസ്തവ എന്നീ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനികളാണ് SOS ബട്ടണുള്ള ജീന്‍സ് തയ്യാറാക്കിയത്. ജീന്‍സിനു മുകളില്‍ തുന്നിപ്പിടിക്കാവുന്ന ഇലക്ട്രോണിക് ഉപകരണമാണ് ഇവര്‍ കണ്ടെത്തിയത്. ഇതിലെ ബട്ടണ്‍ തല്‍ക്ഷണം ഉറ്റവര്‍ക്ക് സന്ദേശം എത്തിക്കും. മൊബൈല്‍ ഫോണുകളിലേക്കും ലാന്റ് ഫോണുകളിലേക്കും തല്‍ക്ഷണം നേരത്തെ തയ്യാറാക്കിയ സന്ദേശം എത്തും. ജി.പി.എസ് സംവിധാനം വഴി ഇര നില്‍ക്കുന്ന ഇടവും അവര്‍ക്ക് അറിയാനാവും. പൊലീസ് സ്റ്റേഷനുകളിലെ നമ്പറുകളും ഈ ബട്ടണില്‍ രേഖപ്പെടുത്താനാവും. - See more at: http://www.asianetnews.tv/magazine/article/13585_SOS-jeans--GPS-bra:-Rape-fears-spawn-strange-safety-gears#sthash.1FZVTUUT.dpuf